കമോൺ, ബ്ലാസ്റ്റ്; അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ ഐഎസ്എൽ ഫുട്ബോളിന് ഇന്നു തുടക്കം – ISL 2026 | Kerala Blasters

കൊച്ചി ∙ ‘‘ഞങ്ങൾ അങ്ങേയറ്റം ആവേശത്തിലാണ്. ഒടുവിൽ ലീഗ് തുടങ്ങുന്നു. എത്രയോ നാളത്തെ കാത്തിരിപ്പാണ്!’’ –‌ കൊൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ മാധ്യമ സമ്മേളന മുറിയിൽ കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ദവീദ് കറ്റാലയുടെ വാക്കുകൾ ഇന്ത്യയിലെ മുഴുവൻ ഫുട്ബോൾ പ്രേമികളുടെയും ശബ്ദമായിരുന്നു! ആശങ്കകളുടെയും കാത്തിരിപ്പിന്റെയും വീർപ്പുമുട്ടൽ അവസാനിക്കുന്നു; ഐഎസ്എൽ 12 –ാം സീസണ് ഇന്നു കൊൽക്കത്തയിൽ കിക്കോഫ് വിസിൽ. ഉദ്ഘാടന മത്സരത്തിൽ, നിലവിലെ ജേതാക്കളായ മോഹൻ ബഗാന്റെ എതിരാളികൾ അടിമുടി ഉടച്ചു വാർക്കപ്പെട്ട കേരള ബ്ലാസ്റ്റേഴ്സിന്റെ പുതുനിര. വൈകിട്ട് 5ന് ആരംഭിക്കുന്ന മത്സരം ഫാൻകോഡ് ആപ്പിലും സോണി ടെൻ ചാനലിലും തൽസമയം കാണാം. ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിൽ രാത്രി 7.30ന് രണ്ടാം മത്സരത്തിൽ എഫ്സി ഗോവ, ഇന്റർ കാശിയെ നേരിടും.

കീഴടക്കേണ്ടതു വൻമതിൽ!

വമ്പൻ താരങ്ങളില്ല, വെറും 14 ദിവസത്തെ ഒരുക്കം മാത്രം, നേരിടേണ്ടതോ ഇന്ത്യൻ ഫുട്ബോളിലെ കരുത്തരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെ! കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ച് ദവീദ് കറ്റാലയ്ക്കു മുന്നിൽ പ്രതിസന്ധികളുടെ വൻ മല തന്നെയുണ്ട്. ‘‘ ഒരുങ്ങാൻ കുറച്ചു ദിവസമേ ലഭിച്ചുള്ളൂ എന്നതു ശരിയാണ്. ടീം ആകെ മാറി. പഴയ വിദേശ താരങ്ങൾ ആരുമില്ല. പുതിയ ടീമാണ്. പക്ഷേ, അതിന്റെ പേരിൽ മുടന്തൻ ന്യായങ്ങൾ പറയാൻ ഞാനില്ല. ബഗാൻ താരസമ്പന്നമായ ടീമാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ടീമുകളിലൊന്ന്. ഐഎസ്എൽ പ്രതിസന്ധിയിലായപ്പോഴും പരിശീലനം മുടക്കാത്ത ടീം. പക്ഷേ, ഞങ്ങൾക്കു പൊരുതാനുള്ള മനസ്സുണ്ട്; പ്രതീക്ഷകളും’’ – കറ്റാല പറഞ്ഞു.

വ്യത്യസ്ത ടീമുകൾക്കൊപ്പം രണ്ടു വട്ടം ഐഎസ്എൽ ട്രോഫി നേടിയ ചരിത്രമുള്ള സെർജിയോ ലൊബേറയെന്ന കോച്ചിന്റെ ശിക്ഷണത്തിൽ കളത്തിലിറങ്ങുന്ന ബഗാൻ ടീമിൽ പഴയ വമ്പൻമാരെല്ലാമുണ്ട്. ജെയ്മി മക്‌ലാറനും ജയ്സൺ കമ്മിങ്സും മൻവീർ സിങ്ങും സഹൽ അബ്ദുൽ സമദും വിശാൽ കെയ്ത്തും അനിരുദ്ധ ഥാപ്പയുമെല്ലാം ഉൾപ്പെട്ട ശക്തരായ ടീം. ഐഎസ്എൽ വൈകിയതു മൂലമുള്ള സാമ്പത്തിക പ്രതിസന്ധി ബാധിക്കാത്ത അപൂർവം ടീമുകളിലൊന്നാണു ബഗാൻ.

‘കൊച്ചു’ ക്യാപ്റ്റന്റെ നേതൃത്വം

22 വയസ്സ് മാത്രമുള്ള മണിപ്പൂരി സെന്റർ ബാക്ക് ബികാഷ് യുമ്നാം എന്ന എക്കാലത്തെയും പ്രായം കുറഞ്ഞ ക്യാപ്റ്റന്റെ നേതൃത്വത്തിലാണു 27 അംഗ ബ്ലാസ്റ്റേഴ്സിന്റെ കിരീടപ്പോരാട്ടം. ‘‘ക്യാപ്റ്റനെ തീരുമാനിക്കുന്നതിൽ പ്രായം പ്രശ്നമല്ല. ടീമിനെ നയിക്കാൻ ശേഷിയുണ്ടോ എന്നതാണു പ്രധാനം. മികച്ച വ്യക്തിത്വമുള്ള, നേതൃത്വ ശേഷിയുള്ള കളിക്കാരനാണു ബികാഷ്’’ – കറ്റാല പറയുന്നു.

കേരള ബ്ലാസ്റ്റേഴ്സ് സാധ്യതാ ടീം

ഗോൾകീപ്പർ: സച്ചിൻ സുരേഷ്
പ്രതിരോധനിര: ഐബൻ ദോലിങ്, ഉമർ ബാ, ബികാഷ് യുമ്നാം, മുഹമ്മദ് സഹീഫ്
മധ്യനിര: വിബിൻ മോഹനൻ, മാർലോൺ ത്രുഹീയോ, റൗളിൻ ബോർഹെസ്
മുന്നേറ്റനിര: കോറോ സിങ്, വിക്തോർ‌ ബെർതോമ്യു, കെവിൻ യോക്.

സൈഡ് ബെഞ്ച്:

ഗോൾകീപ്പർമാർ: അർഷ് ഷെയ്ഖ്, അൽസാബിത്ത് സുലൈമാൻ
പ്രതിരോധനിര: നവോച്ച സിങ്, ഹോർമിപാം, സന്ദീപ് സിങ്, സുമിത് ശർമ, ജഗന്നാഥ് ജയൻ
മധ്യനിര: എബിനാസ് യേശുദാസൻ, ഫ്രെഡി ലാലൻമാവിയ, സലാഹുദ്ദീൻ അദ്നാൻ, ലൂയിസ് മത്യാസ് ഹെർണാണ്ടസ്, നിഹാൽ സുധീഷ്, ഡ‍ാനിഷ് ഫാറൂഖ്
മുന്നേറ്റനിര: ലാൽത്തൻമാവിയ റെന്ത്‌ലി, മുഹമ്മദ് അജ്സൽ, എം.എസ്.ശ്രീക്കുട്ടൻ
 

Online Maharashtra
Logo
Compare items
  • Total (0)
Compare
0
Shopping cart