വായിൽ സ്വർണകരണ്ടിയുമായി പിറന്നവൾ, 400 കോടിയുടെ ആസ്തി; സംഗീതയുടെ ഹൃദയം തകർത്തത് | Who is Sangeetha Vijay | Reason For Vijay Sangeetha Divorce | vijay sangeetha divorce | Vijay Divorce

വായിൽ സ്വർണകരണ്ടിയുമായി പിറന്നവൾ, 400 കോടിയുടെ ആസ്തി; സംഗീതയുടെ ഹൃദയം തകർത്തത് | Who is Sangeetha Vijay | Reason For Vijay Sangeetha Divorce | vijay sangeetha divorce | Vijay Divorce

വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് വിജയ്. കരിയറിലെ ഏറ്റവും ദീപ്തമായ ഒരു ഘട്ടത്തില്‍ പടമൊന്നുക്ക് 250 കോടി പ്രതിഫലം വാങ്ങുന്ന നടന്‍ അഭിനയം അവസാനിപ്പിക്കുകയാണ്. ജീവിതത്തിലെ ഏറ്റവും നിർണായകമായ തീരുമാനങ്ങളിലൊന്നായിരുന്നു വിജയ്‌യുടെ രാഷ്ട്രീയ പ്രവേശം. തമിഴക വെട്രി കഴകം എന്ന പാര്‍ട്ടിക്കും രൂപം നല്‍കി. അതിനോട് അനുബന്ധിച്ച് നടന്ന യോഗങ്ങളില്‍ തടിച്ചു കൂടിയ ലക്ഷകണക്കിന് വരുന്ന പുരുഷാരത്തില്‍ നിന്ന് തന്നെ വിജയ്‌യുടെ ജനപ്രീതി എത്ര ഉയരത്തിലാണെന്ന് കണ്ട് രാഷ്ട്രീയക്കാര്‍ നടുങ്ങി. വിജയ് തങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് കണ്ട് അദ്ദേഹത്തെ തളയ്ക്കാന്‍ അവര്‍ പല വഴികളും പയറ്റി. അടുത്തിടെ ഒരു സമ്മേളനത്തില്‍ ജനബാഹുല്യം നിമിത്തം മരണം സംഭവിച്ചതിന്റെ ഉത്തരവാദിത്തം വിജയ്‌യുടെ തലയില്‍ കെട്ടിവയ്ക്കാനാണ് അവര്‍ ശ്രമിച്ചത്. വിജയ് ആവശ്യപ്പെട്ട പ്രകാരം മീറ്റിങ് നടത്താന്‍ വിശാലമായ ഒരു ഇടം പോലും അനുവദിക്കപ്പെട്ടില്ല. എന്നാല്‍ ഏത് പ്രതിബന്ധമുണ്ടായാലും തമിഴ്‌നാടിന്റെ രാഷ്ട്രീയ സിരാകേന്ദ്രത്തില്‍ താന്‍ എത്തിപ്പെടുമെന്ന വാശിയിലാണ് വിജയ്. മുഖ്യമന്തിപദം തന്നെയാണ് അദ്ദേഹത്തിന്റെ സ്വപ്നമെന്ന് കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം. എന്നാല്‍ വിജയ് ഒന്നും വിട്ടു പറഞ്ഞിട്ടില്ല. പറയാതെ പറച്ചിലുകളാണ് അദ്ദേഹത്തിന്റെ സ്‌റ്റൈല്‍.

പ്രമുഖര്‍ക്ക് മുന്നില്‍ ചങ്കുറപ്പോടെ നിന്ന വിജയ്

ജയലളിതയുടെ പ്രതാപകാലത്ത് അവരുമായി പോലും കൊമ്പുകോര്‍ക്കാന്‍ കാണിച്ച തന്റേടം വിജയ്‌യുടെ സവിശേഷതയാണ്. 51 വയസ്സ് പിന്നിട്ടിട്ടും പുറം കാഴ്ചയില്‍ ചെറിയ പയ്യനായി തോന്നുന്ന വിജയ്‌യുടെ ആന്തരിക ശക്തിയെക്കുറിച്ച് അടുപ്പമുളളവര്‍ക്കെല്ലാം നല്ല ബോധ്യമുണ്ട്. തമിഴ് സിനിമയില്‍ എതിരാളികളില്ലെന്ന സ്വകാര്യ അഹങ്കാരം കൊണ്ടു നടന്ന സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന് ഏറെക്കാലമായി വിജയ് ഭീഷണിയായിരുന്നു. വിജയ് നിക്കറിട്ട് നടക്കുന്ന പ്രായത്തില്‍ തമിഴ് സിനിമയിലെ സൂപ്പര്‍സ്റ്റാറായിരുന്നു രജനി. ആ സിംഹാസനം തകര്‍ക്കാന്‍ പിന്നീട് വന്ന ആര്‍ക്കും തന്നെ കഴിഞ്ഞിട്ടില്ല. സാക്ഷാല്‍ ഉലകനായകന് പോലും. എന്നാല്‍ വിജയ് ആ ധാരണ പൊളിച്ചടുക്കി. ഇനീഷ്യല്‍ കലക്‌ഷനിലും ടോട്ടല്‍ കലക്‌ഷനിലും പ്രതിഫലത്തിലും ജനപ്രീതിയിലും ആരാധകബഹുല്യത്തിലുമെല്ലാം രജനികാന്ത് സിനിമകള്‍ക്ക് അചിന്ത്യമായ നേട്ടമാണ് തമിഴ്‌നാട്ടിലും ഇന്ത്യ ഒട്ടാകെയും ആഗോള തലത്തിലും എന്തിന് കേരളത്തില്‍ പോലും വിജയ് സിനിമകള്‍ കൈവരിച്ചത്.

രജനി രാഷ്ട്രീയത്തിലിറങ്ങാന്‍ പല മുന്നൊരുക്കങ്ങള്‍ നടത്തിയെങ്കിലും അതെല്ലാം നനഞ്ഞ പടക്കമായി. കമലാകട്ടെ നടന്‍ എന്ന നിലയില്‍ ഇതിഹാസമായി മാറിയ ഒരാളുടെ പ്രതിച്ഛായക്ക് ഇണങ്ങാത്ത വിധം ഒരു കോമഡി പീസായി മാറി രാഷ്ട്രീയത്തില്‍. എന്നാല്‍ വിജയ് ഒരു എടുത്തുചാട്ടക്കാരനല്ല. ഒരു ദശകം നീണ്ട തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് അദ്ദേഹം അഭിനയം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. അതിന്റെ മൂന്നോടിയായി തദ്ദേശസ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പില്‍ ഒരു ടെസ്റ്റ് ഡോസ് എന്നോണം തന്റെ കക്ഷിയെ മത്സരിപ്പിക്കുകയും അതില്‍ 90% സീറ്റുകളിലും വിജയം കൊയ്യുകയും ചെയ്തു.

മീറ്റിങുകളില്‍ തടിച്ചു കുടുന്ന ജനം മുഴുവന്‍ വോട്ടായി മാറില്ലെന്ന പ്രായോഗിക ബോധം അദ്ദേഹത്തിനുണ്ട്. എന്നാല്‍ എങ്ങനെ അത് വോട്ടാക്കി മാറ്റാമെന്ന് അദ്ദേഹം ചിന്തിക്കുന്നു. പ്രവര്‍ത്തിക്കുന്നു. ജീവിതസായാഹ്‌നത്തിലെത്തി നില്‍ക്കുന്ന കമല്‍-രജനിമാരെ പോലല്ല വിജയ്. അദ്ദേഹത്തിന് ഇനിയും ഒരു അങ്കത്തിന് ബാല്യമുണ്ട്. 50 പിന്നിട്ടിട്ടും ഒരു 35 കാരന്റെ ഊര്‍ജ്ജസ്വലതയും ശരീരഭാഷയും നിലനിര്‍ത്തുന്നു. മാറിയ കാലത്തിനൊപ്പം സഞ്ചരിക്കാന്‍ കെല്‍പ്പുളള ഒരാളാണ് താനെന്ന പ്രതീതി ജനിപ്പിക്കുന്നു അദ്ദേഹം.

ആരോപണത്തില്‍ കുരുങ്ങുമോ രാഷ്ട്രീയഭാവി?

മുഖ്യമന്ത്രിപദത്തിലേക്കുളള യാത്രയുടെ ദൂരം അനുദിനം കുറയുന്നു എന്ന തോന്നല്‍ ജനിപ്പിച്ചുകൊണ്ട് മൂന്നേറുന്നതിനിടയിലാണ് ഏറെക്കാലമായി ഗോസിപ്പ് കോളങ്ങളില്‍ പുകഞ്ഞുകൊണ്ടിരുന്ന ഒരു വാര്‍ത്ത അശനിപാതം പോലെ വിജയ്‌യുടെ നേര്‍ക്ക് വരുന്നത്. വിജയ്‌യും സഹപ്രവര്‍ത്തകയായ ഒരു നടിയും തമ്മിലുളള അടുപ്പം അതിന്റെ എല്ലാ അതിരുകളും ഭേദിച്ചുവെന്നും ഇതില്‍ പ്രകോപിതയായ ഭാര്യ സംഗീത രണ്ട് മക്കള്‍ക്കൊപ്പം വിദേശത്തുളള സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയിരിക്കുന്നു എന്നുമായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ വിജയ്‌യോ നടിയോ സംഗീതയോ ഇത് സംബന്ധിച്ച് പരസ്യപ്രതികരണത്തിന് മുതിരാത്തതുകൊണ്ട് ഈ വാര്‍ത്ത ആരും അത്ര ഗൗരവമായി കണ്ടിരുന്നില്ല. എന്നാല്‍ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് സംഗീത വിജയ്‌ക്കെതിരെ വിവാഹമോചന കേസ് ഫയല്‍ ചെയ്തതോടെ ഈ ആരോപണം സ്ഥിരീകരിക്കപ്പെട്ടു. വിജയ്ക്ക് മറ്റൊരു നടിയുമായുളള അടുപ്പമാണ് ബന്ധം വേര്‍പെടുത്താനുളള കാരണമായി സംഗീത ചൂണ്ടികാണിക്കുന്നതെന്നും അറിയുന്നു. 5 വര്‍ഷമായി തങ്ങള്‍ അകന്നാണ് കഴിയുന്നതെന്നും ഉടനടി വിവാഹമോചനം വേണമെന്നുമാണ് സംഗീത ഹര്‍ജിയില്‍ പറയുന്നത്.

sangeetha-vijay5

എന്നാല്‍ വിജയ്‌യെ അടുത്തറിയുന്നവര്‍ അമ്പരപ്പോടെയാണ് ഇത് നോക്കി കാണുന്നത്. കാരണം മൂന്ന് പതിറ്റാണ്ട് നീണ്ട സിനിമാ യാത്രക്കിടയില്‍ ഒരിക്കല്‍ പോലും ഗോസിപ്പ് കോളങ്ങളില്‍ സ്ഥാനം പിടിച്ചിട്ടുളള ആളല്ല വിജയ്. ഏതെങ്കിലും നടികളുമായി ആശാസ്യമല്ലാത്ത ഒരു ബന്ധം വിജയ്ക്കുണ്ടെന്ന് അദ്ദേഹത്തിന്റെ ശത്രുക്കള്‍ പോലും പ്രചരിപ്പിച്ചിട്ടില്ല. സംവിധായകനും വിജയ്‌യുടെ മാര്‍ഗദര്‍ശിയുമായ പിതാവ് എസ്.എ. ചന്ദ്രശേഖറിന്റെ ശിക്ഷണത്തില്‍ വളര്‍ന്നു വന്ന വിജയ് അച്ഛനും അമ്മയും അടങ്ങുന്ന കുടുംബവുമായി ഇന്നും നല്ല ആത്മബന്ധം പുലര്‍ത്തുന്നയാളാണ്. ഒരു പരസ്യചിത്രത്തില്‍ അമ്മയുടെ മടിയില്‍ തലവച്ചു കിടക്കുന്ന വിജയ്‌യുടെ വിഡിയോ ഏറെ കൗതുകം പകര്‍ന്നിരുന്നു.

കുടുംബബന്ധങ്ങള്‍ക്ക് വലിയ വില കല്‍പ്പിക്കുന്ന വ്യക്തിയാണ് വിജയ് എന്ന് സിനിമാ രംഗത്ത് പൊതുവെ സംസാരമുണ്ട്. ഷൂട്ടിങ് കഴിഞ്ഞാല്‍ മറ്റ് സൗഹൃദങ്ങള്‍ക്കോ നൈറ്റ്പാര്‍ട്ടികള്‍ക്കോ നില്‍ക്കാതെ കൃത്യമായി വീട്ടില്‍ വരികയും കുടുംബത്തിനൊപ്പം സമയം ചിലവഴിക്കുകയും ചെയ്യുന്ന വിജയ്‌യെ ആണ് എല്ലാവര്‍ക്കും പരിചയം. ഭാര്യ സംഗീതയും വിജയ്‌യും തമ്മിലും ഊഷ്മളമായ ഒരു ബന്ധമായിരുന്നു സമീപകാലം വരെ. എല്ലാം മാറി മറിഞ്ഞത് പൊടുന്നനെയായിരുന്നു. അതിന്റെ പിന്നാമ്പുറങ്ങളിലേക്ക് ഒന്ന് സഞ്ചരിക്കാം.

നായികയുമായി പ്രണയമോ?

മറ്റൊരു നടിയുമായുളള വിജയ്‌യുടെ ബന്ധം തനിക്ക് മനോവേദനയും കുട്ടികള്‍ക്ക് മാനക്കേടുമുണ്ടാക്കുന്നുവെന്ന് സംഗീത ഹര്‍ജിയില്‍ പറയുന്നതായാണ് മാധ്യമ വാര്‍ത്തകളിലുടെ അറിയുന്നത്.

കാല്‍നൂറ്റാണ്ട് പിന്നിട്ട ദാമ്പത്യമായിരുന്നു വിജയ്-സംഗീതയുടേത്. 1999 ലായിരുന്നു വിവാഹം. 25 ഉം 20 ഉം വയസ്സ് പ്രായമായ രണ്ട് മക്കളുമുണ്ട് ദിവ്യ സാഷയും ജേസണ്‍ സഞ്ജയ്‌യും. സംഗീത സ്വർണലിംഗം എന്നാണ് വിജയ്‌യുടെ ഭാര്യയുടെ പേര്. ശ്രീലങ്കന്‍ തമിഴ്‌വംശജരാണ് സംഗീതയുടെ മാതാപിതാക്കളെങ്കിലും സംഗീത ജനിച്ചതും വളര്‍ന്നതും യു.കെ.യിലാണ്. വന്‍വ്യവസായിയായ പിതാവിന്റെ ശതകോടികള്‍ വരുന്ന സ്വത്തുക്കളുടെ ഏക അവകാശി.

തങ്ങളുടെ സ്വകാര്യജീവിതത്തിന്റെ താളപ്പിഴകള്‍ സമൂഹമാധ്യമങ്ങളിലേക്ക് വലിച്ചിഴക്കപ്പെടരുത് എന്നതിനാലാണ് ഇത്രയൂം കാലം ക്ഷമിച്ചതെന്നും മ്യൂച്ച്വല്‍ ഡിവോഴ്‌സിന് ശ്രമിച്ചിട്ട് വിജയ് സമ്മതിക്കാത്തതിനാലാണ് പരസ്യമായി രംഗത്ത് വരേണ്ടി വന്നതെന്നും സംഗീത ഹര്‍ജിയില്‍ പറയുന്നു. യു.കെ. പൗരത്വമുളള സംഗീതയും വിജയ്‌യും തമ്മിലുളള വിവാഹം യു.കെ.യില്‍ വച്ച് തന്നെയായിരുന്നു. പിന്നീട് ഹിന്ദു ആക്ട്പ്രകാരം ചെന്നെയില്‍ വച്ചും വിവാഹച്ചടങ്ങുകള്‍ നടന്നു.

vijay-divorce-sangeetha

ശ്രീലങ്കയിലും ചെന്നെയിലും ബിസിനസുകളുളള സ്വര്‍ണ്ണലിംഗത്തിന്റെ പ്രധാന ബിസിനസ് സംരംഭങ്ങള്‍ യു.കെ.യിലാണ്. 48 വയസ്സുളള സംഗീതയുടെ പേരില്‍ മാത്രമായി 400 കോടിയുടെ ബിസിനസുണ്ടെന്നും പറയപ്പെടുന്നു. 5 വര്‍ഷമായി വിജയ് യുടെ വീട്ടില്‍ നിന്നും മാറി താമസിക്കുന്ന സംഗീത പിതാവിന്റെ ബിസിനസ് നോക്കി നടത്തുകയായിരുന്നു. തുടര്‍ന്നും സംരംഭകയായി മുന്നോട്ട് പോകാനാണ് സംഗീതയുടെ തീരുമാനം. രാഷ്ട്രീയത്തിലോ താരപദവിയിലോ അതിന്റെ ഭാഗമായ പ്രശസ്തിയിലോ തനിക്ക് താത്പര്യമില്ലെന്നും കുട്ടികള്‍ക്കൊപ്പം സമാധാനപൂർണമായ ജീവിതമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സംഗീതയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

ആരാധന വിവാഹത്തിലെത്തി

കേവലം ആരാധനയില്‍ നിന്നാണ് വിജയ്-സംഗീത ബന്ധം ആരംഭിക്കുന്നത്. ഒരു കാലത്ത് വിജയ് യുടെ കടുത്ത ആരാധികയായിരുന്നു സംഗീത. ‘പൂവേ ഉനക്കാകെ’ എന്ന സിനിമ കണ്ടതോടെ ആ ഇഷ്ടം അതിന്റെ പാരമ്യതയിലെത്തി. ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥിയായിരുന്ന സംഗീത ആരാധ്യപുരുഷനെ കാണാന്‍ വേണ്ടി മാത്രം ഇന്ത്യയിലെത്തി. ചെന്നൈ ഫിലിം സിറ്റിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. സംഗീതയുടെ സംസാരവും പെരുമാറ്റവും വിജയ്ക്കും ഇഷ്ടമായി. സംഗീതയുടെ ചെന്നൈയിലെ വീട് വിജയ്‌യുടെ വീടിനടുത്തായിരുന്നു. ഒരു ദിവസം

വിജയ് ആ പെണ്‍കുട്ടിയെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. വിജയ്‌യുടെ മാതാപിതാക്കള്‍ക്കും സംഗീതയെ ഇഷ്ടമായതോടെ കാര്യങ്ങള്‍ മറ്റൊരു ദിശയിലേക്ക് നീങ്ങി. വിജയ്‌യുടെ പിതാവ് ചന്ദ്രശേഖര്‍ സംഗീതയുടെ പിതാവ് സ്വര്‍ണ്ണലിംഗവുമായി സംസാരിച്ചു. മകളുടെ മനസ് അറിയുന്ന സ്വര്‍ണ്ണലിംഗം വിജയ്‌യുടെ വീട്ടുകാരില്‍ നിന്നും അനൂകൂല പ്രതികരണമുണ്ടായപ്പോള്‍ അതിരറ്റ് ആഹ്‌ളാദിച്ചു. അങ്ങനെ അതൊരു അറേഞ്ച്ഡ് ലൗ മാര്യേജായി മാറി.

വിജയ് ക്രിസ്തുമതാംഗവും സംഗീത ഹിന്ദുമതത്തില്‍ പെട്ട കുട്ടിയുമായിരുന്നു.ലണ്ടനില്‍ വച്ച് ക്രൈസ്തവ ആചാരപ്രകാരവും തമിഴ്‌നാട്ടില്‍ വച്ച് ഹൈന്ദവ ആചാരപ്രകാരവും വിവാഹം നടന്നു. നല്ല കുടുംബിനിയായിരുന്നു സംഗീത. മക്കളുടെ കാര്യങ്ങളെല്ലാം കൃത്യമായി നോക്കുന്നതിനൊപ്പം വിജയ്‌യുടെ സിനിമാ ജീവിതത്തിലും എല്ലാ വിധ പിന്‍തുണയുമായി അവര്‍ ഒപ്പം നിന്നു.

ടിപ്പിക്കല്‍ ഹൗസ്‌വൈഫ് എന്നാണ് വിജയിയുടെ അമ്മ സംഗീതയെ വിശേഷിപ്പിച്ചിരുന്നത്. വീട്ടില്‍ ഒരുപാട് ജോലിക്കാരുണ്ടായിട്ടും വിജയിയുടെയും മക്കളുടെയും കാര്യങ്ങള്‍ നേരിട്ട് നോക്കി നടത്തുന്നതിലായിരുന്നു സംഗീതക്ക് താത്പര്യം.

കുടുംബപരമായി ലഭിച്ച വലിയ ബിസിനസ് ഭാവി പോലും വിട്ടുകളഞ്ഞ് അവര്‍ ഗൃഹനായികയായി ഒതുങ്ങി. വിജയിക്കൊപ്പമുളള ജീവിതം അവര്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടതായിരുന്നു. അച്ചടക്കം, സൗമ്യമായ പെരുമാറ്റം, ഭര്‍ത്താവിനോടുളള ആത്മാര്‍ത്ഥ സ്‌നേഹം…ഇതെല്ലാം പരിഗണിച്ച് താരപത്‌നിമാരില്‍ ഏറ്റവും ആരാധകരുളളതും സംഗീതക്കായിരുന്നു. പൊതുവേദികളില്‍ പോലും അത്യപൂര്‍വമായേ അവര്‍ പ്രത്യക്ഷപ്പെട്ടിരുന്നുളളു. ഏറെ ആഹ്‌ളാദത്തോടെയാണ് ആ ബന്ധം മുന്നോട്ട് പോയത്. കുട്ടികള്‍ മുതിര്‍ന്ന ശേഷം പോലും ഇരുവര്‍ക്കുമിടയില്‍ ഏതെങ്കിലൂം തരത്തിലുളള അസ്വാരസ്യമുണ്ടായിട്ടില്ല.

മക്കളും പിതാവിന്റെ പാതയില്‍…

മകന്‍ സഞ്ജയ് വിജയ്‌ക്കൊപ്പം ‘വേട്ടക്കാരന്‍’ എന്ന പടത്തില്‍ അഭിനയിച്ചിട്ടുണ്ട്. മുത്തച്ഛനെ പോലെ സിനിമാ സംവിധാനത്തില്‍ തത്പരനായ സഞ്ജയ് ഇപ്പോള്‍ സിഗ്മ എന്ന പടത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങളിലാണ്. മകള്‍ ദിവ്യാ സാഷ തെരി എന്ന പടത്തില്‍ വിജയ്‌യുടെ മകളായി (ക്ലൈമാക്സ്) തന്നെ അഭിനയിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ബാഡ്മിന്റന്‍ താരം കൂടിയാണ് ദിവ്യ.

വിജയിയും ഭാര്യയും തമ്മില്‍ 2021 വരെ നല്ല ബന്ധത്തിലായിരുന്നു. അവധിക്കാലത്ത് കുടുംബസമേതം യു.കെ.യില്‍ പോകുകയും സംഗീതയുടെ മാതാപിതാക്കള്‍ക്കൊപ്പം സമയം ചിലവഴിക്കുകയും ചെയ്തിരുന്ന മാതൃകാ കുടുംബനാഥനായിരുന്നു വിജയ്.

മലയാളികളായ ശാലിനി, അസിന്‍, നയന്‍താര എന്നിവരുടെ എല്ലാം നായകനായി വിജയ് അഭിനയിച്ചിട്ടുണ്ട്. എല്ലാവരോടും വളരെ മാന്യമായും സൗഹൃദത്തോടെയും പെരുമാറുന്ന മിതഭാഷിയായ വിജയ് ജന്റില്‍മാന്‍ എന്നാണ് പൊതുവെ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. നിമിഷവേഗതയില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു. വിജയ്‌യുടെ പേരുമായി ചേര്‍ത്ത് വച്ച് ആരോപണം നേരിടുന്ന നടിയും വിജയും തമ്മില്‍ വര്‍ഷങ്ങളായി ഒരുമിച്ച് അഭിനയിക്കുന്ന രണ്ട് സഹപ്രവര്‍ത്തകര്‍ മാത്രമായിരുന്നു. ചെറുപ്പകാലത്ത് പോലും ഇരുവരും നായികാ നായകന്‍മാരായി അഭിനയിച്ചിട്ടുണ്ട്. അന്നൊന്നും അവര്‍ തമ്മില്‍ ആവശ്യത്തില്‍ കവിഞ്ഞ ഒരടുപ്പം ഉണ്ടായിരുന്നില്ല. വര്‍ഷങ്ങളായി ആ സൗഹൃദം അങ്ങനെ തന്നെ തുടരുകയും ചെയ്തിരുന്നു.

എന്നാല്‍ കുറച്ച് കാലം മുന്‍പ് വീണ്ടും ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിച്ച ശേഷം ഇരുവരും തമ്മില്‍ മാനസികമായി ഏറെ അടുത്തുവെന്നും 40 പിന്നിട്ടിട്ടും വിവാഹിതയാകാത്ത നടിക്ക് വിജയ്‌യോടും വിജയ്ക്ക് നടിയോടും ഇഷ്ടം കൂടിയിട്ടുണ്ടെന്നും കഥകള്‍ പരന്നു. സിനിമയില്‍ ഇത്തരം കഥകള്‍ സര്‍വസാധാരണമായതിനാലും ഒരു നടന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ എതിരാളികള്‍ പല വഴികളും സ്വീകരിക്കുമെന്നതിനാലും ഈ അഭ്യുഹങ്ങള്‍ വിജയ് ആരാധകര്‍ പാടെ തളളിക്കളഞ്ഞു. എന്നാല്‍ ഭാര്യ സംഗീത തന്നെ നേരിട്ട് ഒരു പരാതിയുമായി കോടതിയെ സമീപിച്ചതോടെയാണ് ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന തോന്നല്‍ പൊതുസമൂഹത്തില്‍ പ്രബലമായത്.

മുന്നറിയിപ്പ് നല്‍കിയിട്ടും പിന്‍മാറിയില്ല

നടിയും വിജയ്‌യും തമ്മിലുളള ബന്ധത്തെക്കുറിച്ച് മനസിലാക്കാനിടയായ സംഗീത അത് അവസാനിപ്പിക്കണമെന്ന് വിജയ്‌യോട് ആവശ്യപ്പെട്ടു പോലും. വിജയ് അത് സമ്മതിക്കുകയും ചെയ്തു. എന്നാല്‍ പറഞ്ഞ വാക്കില്‍ മാറ്റം വന്നു എന്ന് മാത്രമല്ല ചില പൊതുവേദികളില്‍ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടു. കേവലം സൗഹൃദം എന്നതിനപ്പുറം മറ്റൊന്നുമില്ലെന്ന് നടി അതിനെ ലഘുകരിച്ചെങ്കിലും സംഗീത അത് അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല.

വിജയ്‌യും ഭാര്യയും തമ്മിലുളള അകല്‍ച്ചയ്ക്ക് ആക്കം കൂടുന്നത് ഇതിന് ശേഷമാണ്. വിജയ് സംഗീതയെ നിര്‍ബന്ധമായി യു.കെ.യിലേക്ക് അയക്കാന്‍ ശ്രമിച്ചു. പോകില്ലെന്ന് വാശി പിടിച്ചപ്പോള്‍ മാനസികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് നടിയുമായി വിദേശ യാത്രകള്‍ ചെയ്യുകയും നടി തന്നെ ഒന്നിച്ചുളള ഫോട്ടോസ് സമൂഹമാധ്യമങ്ങളില്‍ പങ്കു വയ്ക്കുകയും ചെയ്തതായി പറയപ്പെടുന്നു. സ്വന്തം വീട്ടിൽ നിന്നുള്ള ചിത്രങ്ങൾ വരെ നടി പങ്കുവച്ചതോടെ സംഗീതയുടെ ഹൃദയം തകരുകയായിരുന്നു.

ഇതില്‍ പ്രകോപിതയായ സംഗീത ഉഭയകക്ഷി സമ്മതപ്രകാരം ബന്ധം അവസാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയ് കണ്ട മട്ട് നടിച്ചില്ല. ഇതോടെയാണ് സംഗീത ചെങ്കല്‍പ്പേട്ട് കുടുംബകോടതിയെ സമീപിച്ചത്. അനുരജ്ഞന ചര്‍ച്ചകള്‍ക്ക് പരിഹരിക്കാനാവാത്ത വിധം ഇരുവരും തമ്മില്‍ അകന്നു കഴിഞ്ഞുവെന്നും ഇനി പിരിയുകയല്ലാതെ മറ്റ് പോംവഴിയില്ലെന്നും സിനിമാ വൃത്തങ്ങള്‍ പറയുന്നു. ഇക്കാര്യത്തില്‍ ഒരു അന്തിമ തീര്‍പ്പ് കല്‍പ്പിക്കേണ്ടത് കോടതിയാണ്.

എന്തായാലും ഏറെ പ്രതീക്ഷയോടെ രാഷ്ട്രീയത്തില്‍ ചുവടുകള്‍ വയ്ക്കുന്ന വിജയ്‌യെ ഇത്തരം വാര്‍ത്തകള്‍ ബാധിക്കുമോ എന്ന് ഉറ്റു നോക്കുന്നവരുണ്ട്. എന്നാല്‍ എം.ജി.ആര്‍. അടക്കമുളളവര്‍ സമാനമായ ആരോപണങ്ങള്‍ നേരിട്ടിട്ടും അതിനെ മറികടന്ന മുന്‍കാലചരിത്രം ചൂണ്ടികാണിച്ച് വിജയ് അനുകൂലികള്‍ അതിനെ പ്രതിരോധിക്കുന്നു. എന്നാല്‍ എം.ജി.ആര്‍-ജയലളിത ബന്ധത്തെക്കുറിച്ചുളള വാര്‍ത്തകള്‍ അന്തരീക്ഷത്തില്‍ ശക്തി പ്രാപിച്ച കാലഘട്ടത്തില്‍ പോലും അദ്ദേഹത്തിന്റെ ഭാര്യ ജാനകി അതിനെതിരെ പരസ്യമായി രംഗത്ത് വരികയോ അദ്ദേഹത്തെ വിട്ടു പോകുകയോ നിയമനടപടികള്‍ക്ക് ശ്രമിക്കുകയോ ചെയ്തിട്ടില്ല.

മരണം വരെ അവര്‍ അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയായി തുടര്‍ന്നു. മറ്റുളളതെല്ലാം രഹസ്യബന്ധം എന്ന തലത്തില്‍ അവസാനിച്ചു. എന്നാല്‍ വിജയ്‌യുടെ കാര്യത്തില്‍ സ്ഥിതി വിഭിന്നമാണെന്ന് സംഗീതയുടെ ആരോപണം വ്യക്തമാക്കുന്നു. മാത്രമല്ല എം. ജി.ആര്‍ പൊതുരംഗത്ത് അതികായനായി നില്‍ക്കുന്ന സമയത്തായിരുന്നു ഗോസിപ്പുകള്‍ ശക്തിപ്പെട്ടത്. വിജയ് ആകട്ടെ രാഷ്ട്രീയത്തില്‍ പിച്ച വയ്ക്കുന്ന ഒരു കുട്ടിമാത്രമാണ്. ഈ അവസ്ഥയില്‍ തുടക്കത്തില്‍ തന്നെ ഉയരുന്ന ആരോപണങ്ങള്‍ അദ്ദേഹത്തിന് ഗുണം ചെയ്യില്ലെന്ന് പറയുന്നവരുണ്ട്.

എന്തായാലും കാത്തിരുന്ന് കാണേണ്ട ഒന്നാണ് ഈ കേസിന്റെ വിധി. അതിലുപരി മാതൃകാ ദമ്പതികളെന്ന് പുകള്‍പെറ്റ രണ്ട് പേര്‍ വഴിപിരിയുന്നതാണ് സിനിമാ പ്രേമികളെ വേദനിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *