തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍. മലപ്പുറം പരപ്പനങ്ങാടിയില്‍ മാസപ്പിറ കണ്ടതോടെയാണ് ഇന്ന് ചെറിയ പെരുന്നാളാണെന്ന് വിവിധ ഖാസികള്‍ പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ വിവിധ ഈദ്ഗാഹുകളിലും പള്ളികളിലും നമസ്കാരം നടന്നു. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഈദ് നമസ്കാരത്തിൽ ‌‌‌നിരവധി വിശ്വാസികളാണ് പങ്കെടുത്തത്. പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവിയാണ് ഈദ് നമസ്കാരത്തിന് നേതൃത്വം നൽകിയത്. ‘‘ലോകത്ത് ഇസ്‍ലാമോഫോബിയ ശക്തിപ്പെടുന്നു. വെറുപ്പിനെ സ്നേഹം കൊണ്ട് പ്രതിരോധിക്കണം. യുദ്ധവിരാമം ലോകം ആഗ്രഹിക്കുന്നു’’ – പാളയം ഇമാം മൗലവി സന്ദേശത്തിൽ പറഞ്ഞു. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലെ സംയുക്ത ഈദ് ഗാഹിൽ ശിഹാബ് പൂക്കോട്ടൂർ ചെറിയ പെരുന്നാൾ സന്ദേശം നൽകി.


What you must learn subsequent

കോഴിക്കോട് ബീച്ചിൽ സംയുക്ത ഈദ്ഗാഹ് കമ്മിറ്റി സംഘടിപ്പിച്ച ഈദ്ഗാഹിന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ ടി.മുജീബ് റഹ്മാൻ നേതൃത്വം നൽകി. ആയിരങ്ങൾ സംയുക്ത ഈദ്ഗാഹിൽ പങ്കെടുത്തു. സ്നേഹാലിംഗനങ്ങൾ പങ്കിട്ടാണ് വിശ്വാസികൾ ഈദ്ഗാഹിൽ നിന്ന് മടങ്ങിയത്. മൈലാഞ്ചി മൊഞ്ചും പുത്തനുടുപ്പും വിഭവസമൃദ്ധമായ വിഭവങ്ങളുമായാണ് വീടുകളിൽ കൂടിച്ചേരലിന്റെ സന്തോഷം പങ്കുവച്ചത്.

പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങൾ വെടിഞ്ഞു വ്രതമെടുത്തും രാപകൽ പ്രാർഥനകളിൽ മുഴുകിയും സ്രഷ്ടാവിനോടു കൂടുതൽ അടുത്തും നേടിയെടുത്ത ആത്മസംതൃപ്തിയോടെയാണ് വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലും ഇന്നാണ് പെരുന്നാൾ. സംഘർഷ പശ്ചാത്തലത്തിൽ ഗൾഫിൽ ഈദ് ഗാഹിനും പൊതുസ്ഥലത്തെ ഒത്തുചേരലിനും വിലക്കുണ്ട്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നാളെയാണ് ഈദുൽ ഫിത്‌ർ.

English Summary:

Eid al-Fitr in Kerala: Celebrate Eid al-Fitr at this time in Kerala. Mosques and Eidgahs are prepared for Eid prayers, with particular messages to mark the event.