2026 മാർച്ച് 03 ന് അസ്തമിച്ച് (1201 കുംഭം 19) ബുധനാഴ്ച ചിങ്ങം രാശിയിൽ കേതുഗ്രസ്ത ചന്ദ്രഗ്രഹണം നടക്കും. ഈ ദിവസം രാഹു കടന്നു പോകുന്ന കുംഭം രാശിയിൽ ചതയം നക്ഷത്രത്തിന്റെ നാലാം പാദത്തിൽ സൂര്യൻ സ്പർശിക്കുകയും കേതു സഞ്ചരിക്കുന്ന പൂരം നക്ഷത്ര സമൂഹത്തിലൂടെ സഞ്ചരിച്ച് പൂരം നക്ഷത്രത്തെ സ്പർശിച്ചു ചന്ദ്രൻ കടന്നു പോവുകയും ചെയ്യുമ്പോൾ സംഭവിക്കുന്ന ഒരു സൗരയൂഥ പ്രതിഭാസമാണ് ഇത്. ഈ ചന്ദ്രഗ്രഹണം ഭാരതത്തിൽ ദൃശ്യമല്ല.ഗ്രഹണം നടന്ന് 48 മണിക്കൂർ വരെ ഭൗമാന്തരീക്ഷത്തിലും പ്രതലത്തിലും അന്തർഭാഗത്തും തുലനാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനം മൂലം ജീവജാലങ്ങൾക്ക് അസ്വസ്ഥകൾ നേരിടാവുന്നതാണ്.
ഗ്രഹണത്തിൽ നേരിട്ട് പങ്കാളികളാവുന്ന പൂരം, ചതയം അവയുടെ അനുജന്മ നക്ഷത്രങ്ങളായ ഭരണി, പൂരാടം, തിരുവാതിര, ചോതി അവയുടെ വേധ നക്ഷത്രങ്ങളായ അത്തം, ഉത്തൃട്ടാതി ഇവയിൽ ജനിച്ചവർക്ക് ഗ്രഹണം പൊതുവെ പ്രതികൂല ഫലങ്ങൾ നൽകും. ആയതിനാൽ അവർ ഗ്രഹണം മുതൽ മൂന്ന് ദിവസം ക്ഷേത്ര ദർശനം നടത്തിയോ സ്വഭവനത്തിലിരുന്നോ ശിവ ഭജനം നടത്തുന്നത് ഉത്തമം ആയിരിക്കും.
ജനിച്ച കൂർ അടിസ്ഥാനമാക്കി അനുഭവത്തിൽ വരുവാനിടയുള്ള ഫലങ്ങളും പരിഹാരങ്ങളും താഴെ ചേർക്കുന്നു.
മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 1/4): ഏർപ്പെടുന്ന കാര്യങ്ങളില്‍ വിജയം. വിദ്യാഭ്യാസപരമായും തൊഴിൽപരമായും നേട്ടങ്ങൾ കൈവരിക്കും. വിദേശത്തുനിന്നു നാട്ടിൽ തിരിച്ചെത്തുവാൻ സാധിക്കും. വരവിനൊപ്പം ചെലവുമധികരിക്കും. സന്താനഗുണം വർധിക്കും. വാക്കുതർക്കങ്ങളിലേർപ്പെട്ട് അപമാനമുണ്ടാകും. കഫജന്യ രോഗങ്ങൾ പിടിപെടാം. മാനസിക പിരിമുറുക്കം വർധിക്കും. ദാമ്പത്യ ജീവിതത്തിൽ ചെറിയ പിണക്കങ്ങൾ ഉടലെടുക്കും. മുതിർന്ന ബന്ധുക്കൾക്ക് അനാരോഗ്യം. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. മാതാവിനോ തത്തുല്യരായവർക്കോ അരിഷ്ടതകൾ. അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളിൽ നിന്ന് മോചനം. സഹോദരങ്ങൾക്ക് അരിഷ്ടതകൾക്കു സാധ്യത. ഉത്തരവാദിത്തം വർധിക്കും. ഊഹക്കച്ചവടത്തിൽ ഏർപ്പെടരുത്. ബന്ധുക്കളെ താൽക്കാലികമായി പിരിഞ്ഞു കഴിയേണ്ടി വരും. ദോഷപരിഹാരത്തിനായി നാളിൽ ദേവീ ക്ഷേത്രത്തിൽ ഭഗവതി സേവ നടത്തിച്ച് തൊഴുതു പ്രാർഥിക്കുക. സാധിക്കുന്നവർ ഭവനത്തിൽ നിത്യേന ദേവീ മാഹാത്മ്യ പാരായണം നടത്തുക.
ഇടവക്കൂർ (കാർത്തിക 3/4, രോഹിണി, മകയിരം 1/2): ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ വർധിക്കും. പൂർവിക സ്വത്തു ലഭിക്കുവാൻ യോഗം. യാത്രകൾക്കിടയിൽ വീഴ്ച, പരുക്ക് ഇവയുണ്ടാകുവാൻ സാധ്യതയുണ്ട്. ഇടയ്ക്കിടെ ശാരീരികമായി എന്തെങ്കിലും അരിഷ്ടതകൾ നേരിടും. ബിസിനസുകളിൽ നിന്ന് മികച്ച നേട്ടം. തൊഴിൽപരമായ സ്ഥലംമാറ്റം ഉണ്ടാകും. ഗൃഹത്തിൽ ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം. ബന്ധുഗൃഹങ്ങളിൽ മംഗളകര്‍മങ്ങൾ നടക്കും. ബന്ധുജനങ്ങളുമായി കൂടുതലായി അടുത്തു കഴിയുവാൻ അവസരം പുതിയ പദ്ധതികളിൽ പണം മുടക്കും. അതിൽ നിന്നു മികച്ച നേട്ടവും കൈവരിക്കും. അധികാരികളിൽ നിന്ന് അനുകൂല തീരുമാനം ലഭിക്കും. ദാമ്പത്യജീവിതത്തിൽ നിലനിന്നിരുന്ന അസ്വസ്ഥതകൾ ശമിക്കും. ഭവനനിർമാണം പൂർത്തീകരിക്കുവാൻ സാധിക്കും. ഉദരസംബന്ധമായ അസുഖങ്ങൾ പിടിപെടാനിടയുണ്ട്. സർക്കാരിൽ നിന്നുള്ള ആനുകൂല്യം ലഭിക്കും. ദോഷശമനത്തിനും ഗുണവർധനവിനുമായി മഹാവിഷ്ണു ഭജനം നടത്തുക. വ്യാഴാഴ്ചകളിൽ വിഷ്ണു ക്ഷേത്ര ദർശനം നടത്തി പ്രാർഥിക്കുക. നെയ് വിളക്ക് കൊളുത്തുന്നതും തുളസിമാല ചാർത്തിക്കുന്നതും ഉത്തമം.
മിഥുനക്കൂർ (മകയിരം 1/2, തിരുവാതിര, പുണർതം 3/4): രോഗദുരിതങ്ങൾ ശമിക്കും. എങ്കിലും ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുക. ഗൃഹാന്തരീക്ഷത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ ശമിക്കും. കുടുംബത്തിൽ സ്ത്രീജനങ്ങൾ മുഖേന കലഹങ്ങൾക്ക് സാധ്യത. ബന്ധുജനങ്ങളെ പിരിഞ്ഞു കഴിയേണ്ടി വരും. സുഹൃത്തുക്കളുടെ വിവാഹത്തിൽ സംബന്ധിക്കും. വ്യവഹാരങ്ങളിൽ തിരിച്ചടി ഉണ്ടായേക്കാം. ഏറ്റെടുക്കുന്ന പ്രവൃത്തികൾ വിജയത്തിലെത്തിക്കും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള രോഗ അരിഷ്ടതകൾക്ക് സാധ്യത. വിദ്യാഭ്യാസപരമായ നേട്ടങ്ങൾ കൈവരിക്കും. മത്സരപ്പരീക്ഷകളിൽ വിജയം. സഹോദരങ്ങൾക്കു വേണ്ടി പണച്ചെലവ്. പ്രധാന തൊഴിലിൽ നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം. പരുക്ക്, രോഗദുരിതം എന്നിവ മൂലം ജോലികളിൽ നിന്ന് വിട്ടുനിന്നിരുന്നവർക്ക് തിരികെ ജോലികളിൽ പ്രവേശിക്കുവാൻ സാധിക്കും. ഔഷധങ്ങളിൽ നിന്ന് അലർജി പിടിപെടാനിടയുണ്ട്. ജന്മ നാളിൽ ക്ഷേത്രത്തിൽ ദർശനം നടത്തി ഗണപതി ഹോമം നടത്തിക്കുക. നിത്യേന ഭവനത്തിൽ ഗണപതി അഷ്ടോത്തര ജപം നടത്തുക.
കർക്കടകക്കൂർ (പുണർതം 1/4, പൂയം, ആയില്യം): പിതാവിന് അരിഷ്ടതകൾ. അനുകൂലമായി നിന്നിരുന്നവർക്ക് പിന്നാക്കം പോകാൻ ഇടയുണ്ട്. അനാരോഗ്യം മൂലം മുൻ തീരുമാനങ്ങൾ മാറ്റിവെക്കേണ്ടി വരും. വിദേശസഞ്ചാരം സാധ്യമാകും. വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം നീട്ടിവെക്കേണ്ടി വരും. ലഹരിവസ്തുക്കളിൽ താൽപര്യം വർധിക്കും. വിലപ്പെട്ട രേഖകൾ കൈമോശം വരാനിടയുണ്ട്. കഴിയുന്നതും ദീർഘയാത്രകൾ ഒഴിവാക്കുക. ബന്ധുജന സഹായത്തിനു ശ്രമിച്ചാൽ വിജയിക്കുകയില്ല. കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങൾ. ബന്ധുജന സഹായം വഴി സാമ്പത്തിക വിഷമതകൾ മറികടക്കും. സർക്കാർ ജീവനക്കാർക്ക് തടസ്സപ്പെട്ടു കിടന്നിരുന്ന പ്രമോഷൻ ലഭിക്കും. ഉദ്യോഗാർഥികൾ ഇന്റർവ്യൂവിൽ നേട്ടം കൈവരിക്കും. സർക്കാർ ജോലി ലഭിക്കുവാനും സാധ്യത. പ്രേമബന്ധങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അംഗീകാരം ലഭിക്കും. സന്താനഗുണമനുഭവിക്കും. ദോഷ ശമനത്തിനും ഗുണവർധനവിനുമായി ധർമശാസ്താവിനെ ഭജിക്കുക. ശനിയാഴ്ചകളിൽ ശാസ്താവിങ്കൽ നീരാഞ്ജനം കത്തിക്കുക. എള്ള് പായസ നിവേദ്യം നടത്തിക്കുന്നതും ഉത്തമം.
ചിങ്ങക്കൂർ (മകം, പൂരം, ഉത്രം 1/4): വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം. ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം, ഇഷ്ടസ്ഥാന ലബ്ധി എന്നിവയുണ്ടാകും. പണച്ചെലവുള്ള കാര്യങ്ങളിൽ ഏർപ്പെടും. പൊതുപ്രവർത്തന രംഗത്തു പ്രവർത്തിക്കുന്നവർക്ക് ജനസമ്മിതി. ആരോഗ്യസ്ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും. സഞ്ചാരക്ലേശം അനുഭവിക്കും. അന്യരുമായി ഇടപെട്ട് മാനഹാനിക്കു സാധ്യത. വിദേശയാത്രയ്ക്കുള്ള ശ്രമങ്ങൾ വിജയം കൈവരിക്കും. മത്സരപ്പരീക്ഷ, ഇന്റർവ്യൂ ഇവയിൽ വിജയിക്കും. രാഷ്ട്രീയരംഗത്തു പ്രവർത്തിക്കുന്നവർക്ക് എതിർപ്പുകൾ നേരിടേണ്ടി വരും. സഞ്ചാരക്ലേശം വർധിക്കും. കുടുംബത്തിലെ മുതിർന്ന അംഗത്തിന് രോഗാരിഷ്ടതയുണ്ടാകാനും സാധ്യത കാണുന്നു. ഭക്ഷണസുഖം വർധിക്കും. കടങ്ങൾ വീട്ടുവാനും സാധിക്കും. സന്താനങ്ങൾക്ക് ഉന്നമനമുണ്ടാകും. നേത്രരോഗ സാധ്യത. ദോഷശമനത്തിനും ഗുണവർധനവിനുമായി ശ്രീകൃഷ്ണ ഭജനം നടത്തുക. ബുധനാഴ്ചകളിൽ ശ്രീകൃഷ്ണ സ്വാമിക്ക് വെണ്ണ, അവൽ ഇവ നിവേദിക്കുക.
കന്നിക്കൂർ (ഉത്രം 3/4, അത്തം, ചിത്തിര 1/2): തൊഴിലന്വേഷകർക്ക് അനുകൂല ഫലം. ബന്ധുജന സഹായം വഴി പെട്ടെന്നുള്ള കാര്യസാധ്യം. വിവാഹാലോചനകൾ തീരുമാനത്തിലെത്തും. കടങ്ങൾ വീട്ടുവാനും പണയ ഉരുപ്പടികൾ തിരിച്ചെടുക്കുവാനും സാധിക്കും. സഹോദരങ്ങൾക്കുവേണ്ടി പണം ചെലവഴിക്കേണ്ടി വരും. വ്യവഹാരങ്ങളിൽ വിജയം നേടും. മേലുദ്യോഗസ്ഥരിൽ നിന്ന് പ്രശംസ ലഭിക്കും. സഹപ്രവർത്തകരുമായി നിലനിന്നിരുന്ന തർക്കങ്ങൾ പരിഹൃതമാകും. പെരുമാറ്റത്തിൽ കൃത്രിമത്വം കലർത്തി വിരോധം സമ്പാദിക്കും. ബന്ധുജനഗുണം വർധിക്കും. പൊതുപ്രവർത്തകർക്ക് ജനസമ്മിതിയുണ്ടാവും. ഇരുചക്ര വാഹനം വാങ്ങും. സ്വജനങ്ങളിൽ ആർക്കെങ്കിലും ഉന്നത സ്ഥാനലബ്ധി. പ്രശ്നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും. കുടുംബസമേതം വിനോദങ്ങൾ, കലാപരിപാടികളിൽ എന്നിവയിൽ സംബന്ധിക്കും. ഗുണവർധനവിനും ദോഷശമനത്തിനുമായി ശിവ ഭജനം നടത്തുക. ശിവാഷ്ടോത്തരം നിത്യേന പാരായണം ചെയ്യുക. ശിവങ്കൽ എള്ളെണ്ണ വിളക്കിൽ ഒഴിപ്പിച്ചു പ്രാർഥിക്കുക. യഥാശക്തി അന്നദാനം നടത്തുക.
തുലാക്കൂർ (ചിത്തിര 1/2, ചോതി, വിശാഖം 3/4): ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും. തടസ്സങ്ങൾ മാറി കാര്യപുരോഗതിയുണ്ടാകും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. ബിസിനസിൽ പണച്ചെലവ് അധികരിക്കും. ദമ്പതികൾ ഒന്നിച്ച് യാത്രകൾ നടത്തും. തൊഴിൽരംഗത്തു നിന്ന് അവധിയെടുത്ത് പുണ്യസ്ഥല സന്ദർശനം നടത്തും. ദീർഘദൂര യാത്രയ്ക്കായി പണച്ചെലവ്. ത്വക് രോഗ സാധ്യത. പുതിയ പദ്ധതികളെ കുറിച്ച് ആലോചിക്കുന്ന കാലമാണ്. ആരോഗ്യപരമായ വിഷമതകൾ ശമിക്കും. ബന്ധുക്കളിൽ നിന്നുള്ള അകൽച്ച അവസാനിക്കും. സന്താനങ്ങൾക്ക് രോഗാരിഷ്ടത. സുഹൃത്തുക്കളുമായി ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കുകയും ശമിക്കുകയും ചെയ്യും. വിദ്യാർഥികൾക്ക് പുതിയ കോഴ്സുകളിൽ പ്രവേശനം. കലാകായിക രംഗത്ത് നേട്ടങ്ങൾ. ഭൂമിയിൽ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം. ഉദ്യോഗാർഥികൾക്ക് അനുകൂല ഉത്തരവുകൾ ലഭിക്കാം. തൊഴിൽപരമായ മേന്മയുണ്ടാവും. പുതിയ വസ്ത്ര-ആഭരണങ്ങൾക്കായും പണം ചെലവഴിക്കും. ദോഷശമനത്തിനായി വിഷ്ണു ഭജനം നടത്തുക. നിത്യേന ഭവനത്തിൽ വിഷ്ണു ഭജനം നടത്തുക. സാധുജനത്തിന് അന്നദാനം നടത്തുകയും വേണം.
വൃശ്ചികക്കൂർ (വിശാഖം 1/4, അനിഴം, തൃക്കേട്ട): സന്താനങ്ങൾക്കായി പണച്ചെലവ്. നടപ്പാകില്ലെന്നു കരുതിയിരുന്ന കാര്യങ്ങൾ സാധിക്കും. ദേഹസുഖം കുറയുന്ന കാലമാണ്. ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും. പുതിയ ജോലികളിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും. അടുത്ത ബന്ധുക്കളുമായി നില നിന്നിരുന്ന തർക്കം അവസാനിക്കും. സകുടുംബ യാത്രകൾ നടത്തും. തൊഴിൽ സംബന്ധമായുള്ള യാത്രകളും വേണ്ടിവരും. ആഗ്രഹങ്ങൾ നിറവേറും. രോഗദുരിതത്തിൽ ശമനം. ബന്ധുജനങ്ങളിൽ നിന്നുള്ള സഹായം ലഭിക്കും. ജലജന്യ രോഗങ്ങൾ പിടിപെടാം. തൊഴിൽപരമായുള്ള മാറ്റങ്ങൾ പ്രതീക്ഷിക്കാം. അനാവശ്യ മാനസിക ഉത്കണ്ഠ മൂലം ഗൃഹസുഖം കുറയാതെ ശ്രദ്ധിക്കുക. പ്രവർത്തന വിജയം കൈവരിക്കും. ബന്ധുജന സമാഗമം ഉണ്ടാകും. ഉദര സംബന്ധമായ വിഷമതകൾക്കായി ഔഷധ സേവ വേണ്ടിവരും. അടുത്ത ബന്ധുക്കൾക്ക് രോഗദുരിത സാധ്യത. സർക്കാരിലേക്ക് ചെറിയ പിഴകൾ അടയ്ക്കേണ്ടി വരും. വ്യവഹാരങ്ങൾ നടത്തുന്നവർക്ക് വിജയം. മനസ്സിന് സന്തോഷ സൂചകമായ വാർത്തകൾ കേൾക്കും. മുതിർന്ന കുടുംബാംഗങ്ങൾക്ക് അരിഷ്ടത. ദോഷ ശമനത്തിനായി ശ്രീകൃഷ്ണ ഭജനം നടത്തുക. ബുധനാഴ്ചകളിൽ ശ്രീകൃഷ്ണ സ്വാമിയെ ദർശിച്ച് പ്രാർഥിക്കുക. നിത്യേന ഭവനത്തിൽ നെയ് വിളക്ക് കൊളുത്തി ജപം നടത്തുക.
ധനുക്കൂർ ( മൂലം, പൂരാടം, ഉത്രാടം 1/4): ജീവിത പങ്കാളിക്ക് നേട്ടങ്ങൾ. ആരോഗ്യപരമായ വിഷമതകൾ ശമിക്കും. തൊഴിലിൽ നല്ല മാറ്റങ്ങൾ, നേട്ടങ്ങൾ എന്നിവയുണ്ടാകും. മാനസിക സന്തോഷം വർധിക്കും. കടമിടപാടുകൾ കുറയ്ക്കാൻ കഴിയും. വിദേശ ജോലിക്കുള്ള ശ്രമത്തിൽ വിജയിക്കും. ബന്ധുഗുണമനുഭവിക്കും. യാത്രകൾ കൂടുതലായി വേണ്ടിവരും. ദാമ്പത്യജീവിത സൗഖ്യം കൈവരിക്കും. മാതാവിനോ മാതൃജനങ്ങൾക്കോ അരിഷ്ടത. തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ എന്നിവ മൂലം ഇടയ്ക്ക് മനോവിഷമം. പഠനത്തിലും ജോലിയിലും അലസത വെടിയും. മംഗള കർമങ്ങളിൽ സംബന്ധിക്കും. സത്കർമങ്ങൾക്കായി പണം ചെലവിടും. വിവാഹം വാക്കുറപ്പിക്കും. വാക്ദോഷം മൂലം അപവാദത്തിൽ അകപ്പെടാതെ ശ്രദ്ധിക്കുക. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. കാലാവസ്ഥാജന്യ രോഗ സാധ്യത. ബുദ്ധിമുട്ടു നിറഞ്ഞ യാത്രകൾ. സഹപ്രവർത്തകർ നിമിത്തമായി മനോവിഷമം. ഭാര്യാ ഭർത്തൃബന്ധത്തിൽ നില നിന്നിരുന്ന പ്രശ്നങ്ങൾ ശമിക്കും. സ്വത്തു സംബന്ധമായ തർക്കത്തിൽ തീരുമാനം. വിദേശത്തു നിന്ന് നാട്ടിൽ തിരിച്ചെത്തും. സാമ്പത്തികമായി വിഷമതകൾ നേരിടും. വാഹനത്തിന് അറ്റകുറ്റപ്പണികൾ വേണ്ടിവരും. പൊതുരംഗത്ത് പ്രശസ്തി വർധിക്കും. സുഹൃദ് സഹായം വർധിക്കും. ഗൃഹ നിർമാണത്തിൽ പുരോഗതി. ഔഷധ സേവ അവസാനിപ്പിക്കുവാൻ കഴിയും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും. ഗുണവർധനവിനും ദോഷശമനത്തിനുമായി ശിവ ഭജനം. ജന്മ നാളിൽ ശിവങ്കൽ ഭസ്മാഭിഷേകം നടത്തിക്കുക. ഒപ്പം ദേവീ ക്ഷേത്രത്തിൽ ചുവന്ന പുഷ്പങ്ങളാൽ അർച്ചന നടത്തിക്കുക.
മകരക്കൂർ (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): മാനസിക നിരാശ വർധിക്കും. സഹായ വാഗ്ദാനത്തിൽ നിന്ന് സുഹൃത്തുക്കൾ പിൻവാങ്ങും. പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ലഭിക്കും. ബന്ധുക്കൾ വഴി വരുന്ന വിവാഹാലോചനകളിൽ തീരുമാനമാകും. ഉപഹാരങ്ങൾ ലഭിക്കുവാൻ ഇടയുണ്ട്. ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ വിജയിക്കുവാൻ കഠിനശ്രമം വേണ്ടിവരും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങൾ സാധിക്കും. പണമിടപാടുകളിൽ കൃത്യത പാലിക്കുവാൻ കഴിയാതെ വരും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. ഗൃഹത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കും. കുടുംബജീവിത സൗഖ്യം വർധിക്കും. വിവാദപരമായ പല കാര്യങ്ങളിൽ നിന്നും മനസ്സിന് സുഖം ലഭിക്കും. വാഹനം മാറ്റിവാങ്ങുന്ന കാര്യം ആലോചനയിൽ വരും. കഫജന്യ രോഗങ്ങൾ പിടിപെടാം. ദീർഘയാത്രകൾ ഒഴിവാക്കുക. പണമിടപാടുകളിലും ശ്രദ്ധിക്കുക. പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ ചെറിയ പിണക്കങ്ങൾ ഉടലെടുക്കും. മുതിർന്ന ബന്ധുക്കൾക്ക് അനാരോഗ്യം. ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം. ഉയർന്ന വിജയം വിദ്യാഭ്യാസപരമായും തൊഴിൽപരമായും കൈവരിക്കും. ഗുണവർധനവിനും ദോഷ ശമനത്തിനുമായി ശാസ്താ ഭജനം നടത്തുക. ശാസ്താവിങ്കൽ ദർശനം നടത്തി എള്ളു പായസ നിവേദ്യം, പുഷ്പാഞ്ജലി ഇവ നടത്തിക്കുക.
കുംഭക്കൂർ (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4): വിദേശത്തുനിന്നു നാട്ടിൽ തിരിച്ചെത്തുവാൻ സാധിക്കും. പൊതുപ്രവർത്തനങ്ങളിൽ വിജയം. വരവിനൊപ്പം ചെലവുമധികരിക്കും. സന്താനഗുണം വർധിക്കും. വാഹനയാത്രകളിൽ ശ്രദ്ധ പുലർത്തുക. ഭവനനിർമാണം പൂർത്തീകരിക്കുവാൻ സാധിക്കും. ഉദരസംബന്ധമായ അസുഖങ്ങൾ പിടിപെടാനിടയുണ്ട്. രോഗദുരിതങ്ങൾ അനുഭവിക്കാനിടയുള്ളതിനാൽ അധിക ശ്രദ്ധ പുലർത്തുക. ഗൃഹാന്തരീക്ഷത്തിൽ പ്രശ്നങ്ങൾ ഉടലെടുക്കാം. സ്ത്രീജനങ്ങൾ മുഖേന കലഹം ഉണ്ടാകാനിടയുണ്ട്. ബന്ധുജനങ്ങളെ പിരിഞ്ഞു കഴിയേണ്ടി വരും. സുഹൃത്തുക്കളുടെ വിവാഹത്തിൽ സംബന്ധിക്കും. വ്യവഹാരങ്ങളിൽ തിരിച്ചടിയുണ്ടായേക്കാം. അശ്രദ്ധ വർധിച്ചു ചെറിയ വീഴ്ച, പരിക്ക് എന്നിവയ്ക്ക് സാധ്യത. പരിശ്രമിച്ച് കാര്യവിജയം നേടും. മംഗല്യഭാഗ്യം ഉണ്ടാകും. മാതാപിതാക്കളുമായി അഭിപ്രായഭിന്നത ഉണ്ടായേക്കാം. ലഹരിവസ്തുക്കളിൽ നിന്ന് മുക്തി നേടാവുന്ന കാലമാണ്. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി. ഔദ്യോഗികപരമായ യാത്രകൾ വേണ്ടിവരും. ഗൃഹനിർമാണത്തിൽ പുരോഗതി. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവർക്ക് ആശ്വാസം ലഭിക്കും. കൂട്ടുകെട്ടുകൾ മൂലം ആപത്തിൽപ്പെടാം. സാമ്പത്തിക അച്ചടക്കം പാലിക്കുവാൻ പലപ്പോഴും കഴിയാതെവരും. ഗുണവർധനയ്ക്കും ദോഷ ശമനത്തിനുമായി സുബ്രഹ്മണ്യ ഭജനം നടത്തുക. ചൊവ്വാഴ്ചകളിൽ വ്രതമെടുത്തു. സുബ്രഹ്മണ്യ ക്ഷേത്ര ദർശനം നടത്തുക.
മീനക്കൂർ (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി): സ്വന്തമായി ബിസിനസ് നടത്തുന്നവർക്ക് മികച്ച ലാഭം. ബന്ധുജനഗുണം വർധിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങൾ സാധിക്കും. അപ്രതീക്ഷിത ചെലവുകൾ വർധിക്കും. കർണരോഗബാധ, ഇഷ്ടജനങ്ങളെ പിരിഞ്ഞു കഴിയേണ്ടിവരും. വാസസ്ഥാന മാറ്റത്തിന് സാധ്യത. തൊഴിൽ രംഗത്ത് നിലനിന്നിരുന്ന തടസ്സങ്ങൾ മാറും. യാത്രകൾ വഴി നേട്ടം. ഭവനനിർമാണം പൂർത്തീകരിക്കും. രോഗാവസ്ഥയിൽ കഴിയുന്നവർക്ക് ആശ്വാസം ലഭിക്കും. ഉദ്യോഗാർഥികൾക്ക് സമയം അനുകൂലമാണ്. താൽക്കാലിക ജോലി സ്ഥിരപ്പെടും. കുടുംബസുഹൃത്തുക്കളിൽ നിന്നുള്ള പെരുമാറ്റം വിഷമം സൃഷ്ടിക്കും. വിദേശയാത്രാശ്രമം വിജയിക്കും. സദ്കാര്യങ്ങൾക്കായി പണം മുടക്കേണ്ടിവരും. വിദേശ തൊഴിൽ ശ്രമത്തിൽ അനുകൂല മറുപടികൾ. യാത്രകൾ വഴി നേട്ടം. സുഹൃത്തുക്കൾക്കായി പണച്ചെലവ്. ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ വിജയിക്കുവാൻ കഠിനശ്രമം വേണ്ടിവരും. കുടുംബപരമായ പ്രശ്നങ്ങളിൽ ഇടപെടും. പ്രധാന തീരുമാനങ്ങൾ മാറ്റിവെക്കേണ്ടി വരും. പ്രധാന തൊഴിലിൽ നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം. അപരിചിതരിൽ നിന്നുള്ള ചതി നേരിടുവാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. ദോഷശമനത്തിനായി ഗണപതി ഭജനം നടത്തുക. ഭവനത്തിൽ ഗണപതി സങ്കൽപത്തിൽ ഭജിക്കുക. നാളിൽ ഗണപതി ഹോമം നടത്തിക്കുക.
